
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്യുപങ്ചർ ചികിത്സ ഉൾപ്പെടെയുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ കേരളത്തിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ്മ വരുന്നുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവൻ നഷ്ടമായത്. അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവർ അക്യുപങ്ചർ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചർ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.











